Kaviruu

കടലിന്റെ യാത്രകൾ -1

(കടലിന്റെ തീരങ്ങളിൽ ജീവിച്ചു വളർന്ന ഞാൻ, ഒരുപാട് അക്കാദമികവും മറ്റുമായ അനുഭവങ്ങളിലൂടെ ഇതിനോടകം തന്നെ കടന്ന് പോയ വ്യക്തി എന്ന നിലയിൽ, എങ്ങനെയാണ് മറ്റു മേഖലകളിലേക്ക് പോകുമ്പോൾ അവയെ ഉൾക്കൊള്ളുന്നത് – അത് അടയാളപ്പെടുത്തുക എന്നതാണ്, കടലിന്റെ യാത്രകൾ എന്ന കുറിപ്പുകളിലൂടെ ചെയ്യുവാനാഗ്രഹിക്കുന്നത് )

-Ibin Nayakam

\"\"

തിരുവനന്തപുരത്ത് നിന്നും ഡൽഹിലേക്ക് ട്രെയിനിൽ പോകാനായിരുന്നു ഞാൻ തീരുമാനിച്ചത്. അത്യാവശ്യമായി എത്തേണ്ടിയിരുന്നു. ആയതിനാൽ കൺഫേം അല്ലാത്ത ഒരു ടിക്കറ്റുമായിട്ട് യാത്ര ആരംഭിച്ചു. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സംഭവബഹുലമായ യാത്ര; ഇരിക്കാൻ പോലും ഇടം അന്വേഷിച്ചു ഓടുന്ന വണ്ടിക്കുള്ളിൽ ഒരുപാട് നടക്കേണ്ടി വന്ന ഒന്ന്.

പകൽ സമയത്ത് അറിയുന്നവരെ കിട്ടി അവർക്കൊപ്പം ഇരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. രാത്രി ആയപ്പോൾ ഉറങ്ങാൻ ഇടമില്ലാത്തപ്പോൾ, എത്ര നിസ്സഹമായാണ് എന്റെ അവസ്ഥയെന്ന് എനിക്ക് മനസിലായി. ട്രെയിൻ കതകുകളുടെ അടുത്ത് ഇരിക്കുകയും സ്ഥലത്തിനായി അടിപിടി കൂടുകയും ചെയ്യുന്ന അതിഥി തൊഴിലാളികളുടെ ഒപ്പം പോയി ഞാൻ നിന്നു. അവർ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരുപാട് പേർ എല്ലാ കതകുകളുടെയും അടുക്കൽ ഉണ്ടായിരുന്നു. എന്താ കാരണമെന്ന് തിരക്കിയപ്പോൾ, ദീപാവലി അടുത്ത ദിവസങ്ങളിൽ വരുന്നതായും ഇവർ ആഘോഷത്തിനായി നാട്ടിലേക്ക് പോവുകയാണെന്നും മനസിലായി. ഞാൻ ചോദിച്ച ആരുടെ കയ്യിലും ഒരു ടിക്കറ്റും ഉണ്ടായിരുന്നില്ല. ചിലരുടെ കയ്യിൽ ലോക്കൽ ടിക്കറ്റ് ഉണ്ടായിരുന്നു. ഇത് സ്ലീപ്പർ കംപാർട്മെന്റാണ്. ടിക്കറ്റ് ചെക്കർ വരുന്നുണ്ട്. ഞാൻ ഭയന്നിരുന്നു. അവർ അതിഥി തൊഴിലാളികളെ ശകാരിക്കുകയാണ്. എന്റെ കയ്യിൽ പണമടച്ച ടിക്കറ്റ് ഉണ്ട്, പക്ഷെ കൺഫേം അല്ലാത്തതിനാൽ സീറ്റ് തരാനാവില്ല, എന്നാൽ യാത്ര ചെയ്യാം. ടിക്കറ്റ് ചെക്കർ ഒരു സ്ത്രീയാണ് അവർ എന്റെ അടുത്ത് വന്നു. ഞാൻ  ഭയചകിതനായി അവരുടെ മുഖത്തു നോക്കി എന്റെ കയ്യിലുള്ള ടിക്കറ്റ് കാണിച്ചു. അവർ ശകാരിച്ചാൽ അതും കൂടി താങ്ങാനുള്ള അത്ര ഊർജം എന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല. അവർ അത് മനസിലാക്കി എന്ന മട്ടിൽ, അപ്രതീക്ഷിതമായി വളരെ ദയാലുവായി പറഞ്ഞു; \”ടിക്കറ്റ് ഉണ്ടല്ലോ മോൻ എന്തിനാ ഇവിടെ നിൽക്കുന്നെ അവിടെ എവിടേലും പോയി നിൽക്ക് , ഞാൻ ഏതെങ്കിലും സീറ്റ് ഉണ്ടോന്ന് നോക്കട്ടെ, ഇവിടെ നിന്നാലേ പോലീസ് ചിലപ്പോ ഇറക്കി വിട്ടെന്നിരിക്കും.\”

എനിക്ക് സന്തോഷമായി ഞാൻ അവരെ പിന്തുടർന്നു. പിന്നാലെ ഞാൻ പിരിഞ്ഞു പോകുന്ന അന്നേരം സൗഹൃദം കൂടിയ അതിഥി തൊഴിലാളികളുടെ കഷ്ടതയും നിസ്സഹായതയും അവരുടെ അനുഭവത്തിലൂടെ കുറച്ചു നേരമെങ്കിലും പോയ ആൾ എന്ന നിലയ്ക്ക് എന്റെ ഹൃദയത്തിൽ ഭാരമായി അത് അധികരിച്ചു അധികരിച്ചു വന്നു. വളരെ നിസ്സംഗനായി ഞാൻ മുന്നോട്ട് ടിക്കറ്റ് ചെക്കർ കാണിച്ചു തരാൻ പോകുന്ന ഒരു ഒഴിഞ്ഞ സീറ്റിലേക്ക് നടന്നു. എനിക്ക് ഉറങ്ങണം അല്ലെങ്കിൽ ഈ വലിയ ബാഗും തൂക്കിപിടിച്ചു നടന്നു നടന്നു ഞാൻ എവിടെങ്കിലും തലകറങ്ങി വീഴും എന്നെനിക്ക് തോന്നി. കിട്ടിയ സീറ്റിൽ സമാധാനമായി മലർന്ന് കിടന്നു. ടിക്കറ്റ് ചെക്കർറോട് നന്ദി പറഞ്ഞു. മനസിൽ സന്തോഷമില്ല, അതിനാൽ കാഴ്ചകളിൽ ആനന്ദം കണ്ടത്താനാവില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എങ്കിലും ജനലിന്റെ ജാലകത്തിലൂടെ തീവണ്ടി കടന്നു പോകുന്ന ഇടങ്ങളിലെ വീടുകളിലേക്കും അവിടത്തെ മനുഷ്യരുടെ ജീവിതങ്ങളിലേക്കും നോക്കി ഞാൻ കിടന്നു. 

Leave a Comment

Your email address will not be published. Required fields are marked *