
അത് ഒരു എഴുത്തുകാരനായിരുന്നു. പക്ഷെ ചുറ്റുമുള്ളവർ അയാളെ ഒരു ധനികന്റെയും രാഷ്ട്രീയക്കാരന്റെയും ആൾ ദൈവത്തിന്റെയും നോക്കുകുത്തിയും അനുയായിയും അടിമയുമാണെന്ന് വിശ്വസിപ്പിച്ചു. പേനയും പേപ്പറും ഒരിക്കലും അവിടേക്ക് എത്തിയില്ല. അയാൾ ഒന്നും ഇതുവരെ എഴുതിയുമില്ല. അപൂർണമായ മനസും കൊണ്ട് പിടികിട്ടാത്ത എന്തോ ഒന്നിനെ രഹസ്യമായി തേടി, അയാളുടെ ഹൃദയവും അലഞ്ഞു.
\”എന്തൊരു ജീവിതമാണ് ഇത്?\” വിരസമായ തന്റെ നാളുകളെ സഹിക്ക വയ്യാതെ എഴുത്തുകാരൻ തന്നോട് തന്നെ പറഞ്ഞു. ഇതൊക്കെ ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യങ്ങളാണെന് അയാൾക്ക് അറിയാമായിരുന്നു. പ്രയാസം കൂടുന്ന നേരത്ത്, കുറഞ്ഞ പക്ഷം ഇങ്ങനെയൊക്കെ ചോദിക്കുകയെങ്കിലും ചെയ്താൽ ഒരാശ്വാസം കിട്ടും.
\”ഒരാളുടെ ജീവിതത്തിൽ, മനസിൽ വരുന്ന വികാരങ്ങളുടെ പ്രകടനം വളരെ അത്യാവശ്യമുള്ള കാര്യമാണ്. അത് അയാളെ ഈ ലോകത്തിൽ അതിജീവിക്കാൻ സഹായിക്കുന്നു. അച്ചടക്കത്തിന്റെ പേരിൽ ഈ വികാരങ്ങളെ സ്വയം അമർത്തുന്നവർ, മടയന്മാർ തന്നെ, അവർക്കെന്താ മരിക്കാനാണോ ഇഷ്ടം?\”; കുറച്ചു വാചകങ്ങൾ അയാൾ വൈകുന്നേരം തന്റെ കിടക്കയിലായിരിക്കെ മനസ്സിൽ ആലോചിച്ചെടുത്തു. നാളെയാവുമ്പോൾ ഇതൊക്കെ മറന്നു പോവുമെന്ന് അറിയാമായിരുന്നു. അഥവാ ഓർമയുണ്ടെങ്കിൽ തന്നെ, അത് നൽകുന്ന വികാരം മാറിയിരിക്കും. പലപ്പോഴും സ്വന്തം ആലോചനകൾക്ക് വിരുദ്ധമായിട്ടായിരിക്കും അയാൾ അടുത്ത ദിവസം ആലോചിക്കുന്നത്. ആലോചിക്കുക എന്ന പ്രക്രിയ മാത്രം ഒരു മാറ്റവും കൂടാതെ അയാളുടെ ജീവിതത്തിൽ നിന്നു.
\”ഈ എഴുത്തും ആലോചനയും തമ്മിലുള്ള വ്യത്യാസമെന്താ, ആലോചന നമ്മൾ മരിക്കുമ്പോൾ ഇല്ലാതാവും. എഴുത്തു നിലനിൽക്കും.\”; സെക്രട്ടറിയേറ്റിന് പുറകിലെ കടയിൽ നിന്നും ഒരു കട്ടൻ കുടിക്കവേ കൂടെയുണ്ടായിരുന്ന സുഹൃത്ത് അയാളോട് പറഞ്ഞു. \”അതെ ശരിയാണ്\”;എഴുത്തുകാരൻ അത് അംഗീകരിച്ചു.